വിജയ് ഹസാരെ ട്രോഫി: അരുണാചലിനെ തകർത്ത് കേരളം
Sunday, November 13, 2022 3:33 PM IST
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ടൂർണമെന്റിലെ എലീറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ കുഞ്ഞന്മാരായ അരുണാചൽ പ്രദേശിനെതിരെ വന്പൻ ജയം നേടി കേരളം. 40 ഓവർ ബാക്കി നിൽക്കെ കേരളം ഒന്പത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അരുണാചൽ ഇന്നിംഗ്സ് 29.3 ഓവറിൽ 102 റൺസിന് അവസാനിച്ചു. മറുപടി ബാറ്റിംഗിൽ രോഹൻ കുന്നുമ്മൽ(77*) നടത്തിയ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിൽ 10.3 ഓവറിൽ കേരളം വിജയലക്ഷ്യം കടന്നു.
ഓപ്പണർ അമ്രേഷ് രോഹിത് 96 പന്തിൽ നേടിയ 59 റൺസാണ് അരുണാചലിനെ 100 റൺസ് കടത്തിയത്. ടീം സ്കോറിന്റെ 60 ശതമാനം ഒറ്റയ്ക്ക് നേടിയ രോഹിത്തിന് പിന്തുണ നൽകാൻ സഹതാരങ്ങൾക്ക് സാധിച്ചില്ല. അരുണാചലിന്റെ ബാക്കി 10 ബാറ്റർമാരും ഒറ്റയക്ക സ്കോറിനാണ് പുറത്തായത്. 24 വൈഡുകളുൾപ്പടെ 25 എക്സ്ട്രാ റൺസ് നൽകി കേരളം വിശാലഹൃദയരായി.
യുവതാരം എൻ. ബേസിൽ 7.3 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോൾ സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. എസ്. വിശ്വേശർ, ഫൈസൽ ഫനൂസ്, അഖിൽ സ്കറിയ എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടംനേടി.
മറുപടി ബാറ്റിംഗിൽ 28 പന്തിൽ 13 ഫോറും മൂന്ന് സിക്സും നേടിയ രോഹൻ കേരളത്തിന്റെ ജയം അനായാസമാക്കി. 26 റൺസ് നേടിയ പി. രാഹുലിന്റെ വിക്കറ്റ് ലിമാർ ദേബി സ്വന്തമാക്കി.
വിജയത്തോടെ എലീറ്റ് ഗ്രൂപ്പ് സിയിൽ ആറ് പോയിന്റുമായി ഒന്നാമതാണ് കേരളം.