കത്ത് വിവാദം; മേയറുടെയും ആനാവൂരിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
Saturday, November 12, 2022 7:09 PM IST
തിരുവനന്തപുരം: കോർപറേഷൻ ആരോഗ്യവിഭാഗത്തിലെ പിന്‍വാതില്‍ നിയമന വിവാദത്തില്‍ വിജിലന്‍സ് സംഘം മേയര്‍ ആര്യാ രാജേന്ദ്രന്റെയും, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴിയെടുത്തു. പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ മൊഴി നല്കി.
കത്തിനെക്കുറിച്ച് അറിയില്ലെന്നും കോർപറേഷന്റെ നിയമനങ്ങളില്‍ ഇടപെടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. പരാതിക്കാരനായ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാറിന്റ മൊഴിയും വിജിലന്‍സ് സംഘം രേഖപ്പെടുത്തി.
മേയര്‍ ആര്യാ രാജേന്ദ്രന്റെയും ഡി.ആര്.അനിലിന്റെയും പേരില്‍ പുറത്തുവന്ന കത്തുകള്‍ സംബന്ധിച്ചാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അനിലിന്റെയും കോർപറേഷൻ ജീവനക്കാരുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തും.
കോർപറേഷനിൽ നേരത്തെ നടന്ന നിയമനങ്ങളിലും അന്വേഷണം വേണമെന്നാണ് വിജിലന്‍സിനു ലഭിച്ച പരാതിയിലെ ആവശ്യം. ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നാണ് വിവരം.