വിസി നിയമനം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല; കേരള സര്‍വകലാശാലയ്ക്കെതിരെ ഹൈക്കോടതി
Wednesday, November 2, 2022 3:57 PM IST
കൊച്ചി: വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കേരള സര്‍വകലാശാലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിസി നിയമനം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നു കോടതി പറഞ്ഞു.
ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ സര്‍വകലാശാല സെനറ്റംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് വിമര്‍ശനം. ഗവര്‍ണര്‍ക്കെതിരെ സെനറ്റ് പ്രമേയം പാസാക്കിയതിനെതിരെ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
വിവാദം അവസാനിപ്പിക്കാന്‍ സര്‍വകലാശാലയ്ക്ക് താത്പര്യമില്ലേയെന്നും വിസിയെ നിയമിക്കാതെ എങ്ങനെയാണ് സര്‍വകലാശാലയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു.
ഈ മാസം നാലിനു ചേരുന്ന സെനറ്റ് യോഗത്തിന്റെ അജണ്ടയില്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് പേര് നിര്‍ദേശിക്കുന്ന കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍വകലാശാലയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. അജണ്ടയില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
കേരള സര്‍വകലാശാലയില്‍ പുതിയ വിസിയെ നിയമിക്കുന്നതു സംബന്ധിച്ചാണ് ഗവര്‍ണറും സര്‍വകലാശാലയും തമ്മില്‍ ഇടഞ്ഞത്. സെര്‍ച്ച് കമ്മറ്റി കൂടി വിസി നിയമനത്തിനുള്ള സര്‍വകലാശാലയുടെ പ്രതിനിധിയെ നിശ്ചയിക്കാന്‍ ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ഇതിനു പിന്നാലെയാണ് 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ചത്. നടപടി ചോദ്യം ചെയ്തുള്ള സെനറ്റംഗങ്ങളുടെ ഹര്‍ജിയിലാണ് കോടതി വിമര്‍ശനം. ഹര്‍ജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.