സ്കൈ ഇസ് ദ ലിമിറ്റ്!
Wednesday, November 2, 2022 3:21 PM IST
ദുബായ്: ആകാശം മുട്ടെ വളർന്ന ക്രിക്കറ്റ് പെരുമയുമായി കളംനിറഞ്ഞ് കളിക്കുന്ന ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്വാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ആരാധകരുടെ പ്രിയ "സ്കൈ' പട്ടികയിൽ ഒന്നാമതെത്തിയത്.
ട്വന്റി-20 ലോകകപ്പിലെയും സമീപകാല പരന്പരകളിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 863 റേറ്റിംഗ് പോയിന്റ് നേടി യാദവ് ഈ നേട്ടത്തിലെത്തിയത്. റിസ്വാന് 842 റേറ്റിംഗ് പോയിന്റാണുള്ളത്.
703, 689 പോയിന്റുകളുമായി ഏഴ്, എട്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഗ്ലെൻ ഫിലിപ്പ്സ്, റൈലീ റൂസോ എന്നിവർ ആദ്യ പത്തിലെ പുതുമുഖങ്ങളാണ്. ഡെവൺ കോൺവേ മൂന്നാം സ്ഥാനം അലങ്കരിക്കുന്ന പട്ടികയിലെ മറ്റൊരു ഇന്ത്യൻ സാന്നിധ്യം 638 പോയിന്റുമായി പത്താമതുള്ള വിരാട് കോഹ്ലിയാണ്.