പോലീസുകാരന്റെ മാങ്ങാമോഷണം: കേസ് ഒത്തുതീർപ്പിലേക്ക്
Tuesday, October 18, 2022 11:23 PM IST
കാഞ്ഞിരപ്പള്ളി (കോട്ടയം): പോലീസുകാരൻ മാങ്ങാമോഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പിലേക്ക്. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് പരാതിക്കാരനായ പഴക്കച്ചവടക്കാരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
ഇടുക്കി എആർ ക്യാമ്പ് സിപിഒ പി.വി ഷിഹാബാണ് കേസിലെ പ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. അപേക്ഷയിൽ കോടതി വ്യാഴാഴ്ച വിധി പറഞ്ഞേക്കും. കഴിഞ്ഞ മാസം മുപ്പതിനാണ് ഷിഹാബ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയിൽനിന്ന് മാങ്ങാമോഷ്ടിച്ചത്. പത്തുകിലോ മാമ്പഴമാണ് ഇയാൾ എടുത്തത്.
പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മോഷണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
ഷിഹാബിനെതിരെ പീഡനക്കേസും നിലവിലുണ്ട്. ഈ കേസില്‍ വിചാരണ നേരിട്ടുവരികയാണ്. ബലാത്സംഗക്കേസിലെ അതിജീവിതയെ പിന്നീട് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.