ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: ജാമ്യം നല്‍കണമെന്ന പ്രതിയുടെ ഹര്‍ജിയില്‍ സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്
Monday, October 17, 2022 3:15 PM IST
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അനുശാന്തിയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രീംകോടതിയുടെ നോട്ടീസ്. ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം നല്‍കണമെന്ന ഹര്‍ജിയിലാണ് കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്.
നാല് വയസുള്ള സ്വന്തം കുഞ്ഞിനെയും അമ്മായിമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. ശിക്ഷ റദ്ദാക്കണമെന്ന ഇവരുടെ അപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇതില്‍ വിധി വരുന്നതുവരെ ശിക്ഷാ വിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. കൊലപാതകത്തില്‍ പങ്കില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജിയില്‍ നേരത്തെ സുപ്രീംകോടതി ഇവര്‍ക്ക് രണ്ടു മാസത്തെ പരോള്‍ നല്‍കിയിരുന്നു. സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് പരോള്‍ നല്‍കിയത്.
2014 ഏപ്രിലിലാണ് നാടിനെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം നടന്നത്. പട്ടാപ്പകല്‍ വീട്ടിലെത്തിയ ഇവരുടെ കാമുകനായ നിനോ മാത്യൂവാണ് അനുശാന്തിയുടെ മകളെയും, അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്.
ടെക്നോപാര്‍ക്കിലെ ജീവനക്കാരിയായ ഇവരുടെ സഹപ്രവര്‍ത്തകനായിരുന്നു നിനോ. അനുശാന്തി ഇയാള്‍ക്കയച്ച സ്വന്തം വീടിന്റെ ചിത്രങ്ങളും, വഴിയുമാണ് കേസിലെ പ്രധാന തെളിവ്.
2016ലാണ് കേസില്‍ വിധി വന്നത്. നിനോയ്ക്ക് വധശിക്ഷയും, അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവുമാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്.