മുഖം മാറ്റി കേരള കോൺഗ്രസ്-എം; ലക്ഷ്യം മൂന്നു ലോക്സഭാ സീറ്റും 30 നിയമസഭാ സീറ്റും
Monday, October 10, 2022 3:58 PM IST
കോട്ടയം: അംഗത്വത്തിലും ജില്ലാ നേതൃനിർണയത്തിലും സെമികേഡറായ കേരള കോണ്‍ഗ്രസ്- എം പുതിയ സംഘനാ തെരഞ്ഞെടുപ്പോടെ ഇടതു മുന്നണിയിൽ സിപിഎം, സിപിഐ പാർട്ടികളെ പോലെ കരുത്തുറ്റ കേഡർ പാർട്ടിയായി മാറി. ഞായറാഴ്ച കോട്ടയത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പാർട്ടി ചെയർമാനായി ജോസ് കെ. മാണിയെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പിളർപ്പിനു ശേഷം രൂപപ്പെടുത്തിയ ഭരണഘടന പ്രകാരമായിരുന്നു തെരഞ്ഞെടുപ്പ്. ബുത്തുതലം മുതൽ സജീവ അംഗങ്ങളെ നേരിൽ കണ്ട് വിവരം ശേഖരിച്ചാണ് അംഗത്വപട്ടിക തയാറാക്കിയത്. ഇതു സംസ്ഥാന തലത്തിൽ ഡിജിറ്റൈസ് ചെയ്തു. 5,000 അംഗങ്ങൾക്ക് ഒരു സംസ്ഥാന കമ്മറ്റിയംഗമുണ്ട്. പുറമേ പോഷക സംഘടന പ്രതിനിധികളും കമ്മറ്റിയിലെത്തി.
സെമി കേഡർ കരുത്തിൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റും 2026 നിയമസഭ തെരഞ്ഞെടുപ്പിൽ 30 സീറ്റുകളുമാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ഉൾപ്പെടുന്ന മധ്യകേരളത്തിൽ ഇടതു മുന്നണിയിലെ വലിയ കക്ഷിയാകുയാണ് പാർട്ടിയുടെ ലക്ഷ്യം.
നിലവിൽ അഞ്ച് എംഎൽഎമാരാണ് പാർട്ടിക്കുളളത്. കഴിഞ്ഞ തവണ കൈവിട്ടു പോയ സീറ്റുകൾ തിരിച്ചുപിടിക്കാനും പാർട്ടി ലക്ഷ്യമിടുന്നുണ്ട്. ഒപ്പം വടക്കൻ കേരളത്തിൽ കുടിയേറ്റ മേഖലകൾ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കും.
ഇടതു മുന്നണി തുടർച്ചയായി തോൽക്കുന്ന സീറ്റുകൾ പാർട്ടി ഏറ്റെടുക്കും. കൂടാതെ വിജയ സാധ്യതയുള്ള സീറ്റുകൾക്ക് അവകാശവാദവും ഉന്നയിക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഇങ്ങനെ മണ്ഡലങ്ങൾ തെരഞ്ഞെടുക്കും. യുഡിഎഫിൽ ആയിരുന്ന കാലത്ത് തലസ്ഥാന ജില്ലയിൽ പാർട്ടിക്ക് സീറ്റു വേണമെന്ന് കെ.എം.മാണി ആവശ്യപ്പെട്ടിരുന്നു.
സെമികേഡർ പാർട്ടിയായി സംഘടന തെരഞ്ഞെടുപ്പ് പൂർത്തായതോടെ ജോസ് കെ. മാണി എംപി കേരള രാഷ്ട്രീയത്തിൽ കരുത്തനായി മാറിയിരിക്കുകയാണ്. കേരളം എപ്പോഴും കൗതുകത്തോടെ കാതോർക്കുന്ന കേരള കോണ്‍ഗ്രസ്-എം രാഷ്ട്രീയത്തിൽ കെ.എം.മാണിയെപ്പോലെ മികവ് തെളിയിച്ച് ജോസ് കെ. മാണി മുന്നേറുകയാണ്. ജോസ് കെ. മാണി പാർട്ടി ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ടതോടെ കേരള കോണ്‍ഗ്രസിന്റെ ആകെ മുഖമായി മാറിയിരിക്കുകയാണ്.
മാണിയുടെ നിര്യാണത്തിന് ശേഷം ഒരു നേതാവിനും അനുഭവിക്കേണ്ടി വരാത്തത്ര വെല്ലുവിളികളെയാണ് ജോസ് കെ. മാണി നേരിട്ടത്. മുതിർന്ന നേതാക്കന്മാർ മുഴുവൻ മറുവിഭാഗത്തിൽ ചേക്കേറുകയും സങ്കീർണമായ നിയമ, രാഷ്ട്രീയ യുദ്ധങ്ങൾ പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി നടത്തേണ്ടിയും വന്നു.
ജോസ് കെ. മാണിയെ തന്നെ മറുവിഭാഗം വ്യക്തിപരമായി കടന്നാക്രമിച്ച് നിരന്തരം പരിഹസിക്കുന്ന സ്ഥിതിയുണ്ടായി. യുഡിഎഫിൽ നിന്നും കേരള കോണ്‍ഗ്രസ്-എമ്മിനെ പുറത്താക്കിയപ്പോൾ നിങ്ങൾ പുറത്താക്കിയത് കെ.എം. മാണിയെ ആണെന്ന പ്രതിരോധം തീർത്ത് ജോസ് കെ. മാണി രാഷ്ട്രീയത്തെ തിരിച്ചുപിടിക്കുന്നതാണ് പിന്നീട് കണ്ടത്.
ഇടതുപക്ഷത്തിന്റെ ഭാഗമാകാൻ തീരുമാനമെടുത്തപ്പോൾ മുങ്ങുന്ന കപ്പലിലേക്കാണ് പോകുന്നത് എന്നും പാർട്ടിയുടെ രാഷ്ട്രീയ അന്ത്യമായിരിക്കുമെന്നും പലരും പ്രവചിച്ചു. എന്നാൽ 13 നിയമസഭാ സീറ്റുകൾ വാങ്ങിയെടുത്തു തുടർഭരണത്തിന് സംഭാവന നൽകുന്ന തരത്തിൽ കരുത്ത് കാട്ടാൻ കേരള കോണ്‍ഗ്രസ് എമ്മിനായി.
പരന്പരാഗത യുഡിഎഫ് സീറ്റുകളിൽ എൽഡിഎഫിന് വിജയം സമ്മാനിച്ചതിൽ കേരളാ കോണ്‍ഗ്രസിന്റെ പങ്ക് സിപിഎം നേതൃത്വം തന്നെ പിന്നീട് അംഗീകരിച്ചു. ചിട്ടയായ സംഘടനാ പ്രവർത്തനത്തിലൂടെ ഭാരവാഹികളുടെ എണ്ണം കുറച്ചും അംഗത്വ വിതരണ പ്രവർത്തനങ്ങളും നടത്തി. ഇടതുപക്ഷ മാതൃകയിൽ പാർട്ടിയിൽ ദളിത്, വനിതാ, യുവജന പ്രാതിനിധ്യം നൽകി ജോസ് കെ. മാണി കൊണ്ടുവന്ന മാറ്റങ്ങൾ കേരള കോണ്‍ഗ്രസിന് പുതിയ മുഖം നൽകി.