ബുംറയ്ക്ക് പകരം സിറാജ് എത്തും
Friday, September 30, 2022 2:13 PM IST
മുംബൈ: പരിക്ക് മൂലം പിന്മാറിയ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരമായി മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ വാർവിക്ക്ഷയറിനായി കൗണ്ടി ക്രിക്കറ്റിൽ മത്സരിക്കുന്ന സിറാജ് പരന്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കായി ടീമിനൊപ്പം ഉടൻ ചേരും.
നടുവിനേറ്റ പരിക്ക് ഗുരുതരമായ സ്ട്രെസ് ഫ്രാക്ചർ ആയി പരിണമിച്ചതോടെയാണ് ബുംറ ദക്ഷിണാഫ്രിക്ക പരന്പരയിൽ നിന്നും ട്വന്റി-20 ലോകകപ്പിൽ നിന്നും പിന്മാറിയത്. ആറ് മാസത്തേക്കെങ്കിലും താരത്തിന് വിശ്രമം ആവശ്യമാണെന്നും ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ബുംറയ്ക്ക് പകരമായി ലോകകപ്പ് ടീമിൽ ആരെ ഉൾപ്പെടുത്തുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.
ബുംറയ്ക്ക് പകരക്കാരനായി ടീമിലെത്തിയ സിറാജ് അഞ്ച് അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യൻ കുപ്പായം അണിഞ്ഞിട്ടുള്ളത്. 10.45 ഇക്കോണമി നിരക്കിൽ അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരെ 2022 ഫെബ്രുവരിയിൽ നടന്ന ട്വന്റി-20 മത്സരത്തിലാണ് സിറാജ് അവസാനം കളത്തിലിറങ്ങയത്.