കാട്ടാക്കട ഡിപ്പോയിലെ മർദനം: ജീവനക്കാരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Friday, September 30, 2022 6:55 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിൽ ബസ് കണ്സഷൻ പുതുക്കാൻ വന്ന പെണ്‍കുട്ടിയെയും അച്ഛനെയും മർദിച്ച ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. പ്രതികളായ മിലൻ ഡോറിച്ച്, എസ്.ആർ. സുരേഷ് കുമാർ, എൻ. അനിൽ കുമാർ, അജികുമാർ. എസ്, മുഹമ്മദ് ഷെരീഫ് എന്നിവരാണ് മുൻകൂർ ജാമ്യഹർജി നൽകിയത്.
മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദ്ദിച്ചെന്നും തടയാൻ ശ്രമിച്ച വിദ്യാർഥിനിയായ മകളെയും മർദ്ദിച്ചെന്നുമാണ് കേസ്. മുൻകൂർ ജാമ്യഹർജിയെ സർക്കാർ ശക്തമായി എതിർത്തിട്ടുണ്ട്. പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോയിലുള്ള പ്രതികളുടെ ശബ്ദവും ദൃശ്യങ്ങളും ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതേസമയം, പിതാവ് പ്രേമനന് മർദ്ദനമേറ്റിട്ടില്ലെന്നും ജീവനക്കാരോട് വഴക്കുണ്ടാക്കി അസഭ്യം പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വിശ്രമ കേന്ദ്രത്തിൽ തടഞ്ഞുവയ്ക്കുകയാണ് ചെയ്തതെന്നും പ്രതികൾ വാദിച്ചു.