ഗവർണറെ അപമാനിച്ചിട്ടില്ല; നിയമ നടപടിയുമായി മുന്നോട്ടു പോകും: കെ.എസ്.അനിൽകുമാർ
Wednesday, July 2, 2025 7:08 PM IST
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ തന്നെ സസ്പെൻഡു ചെയ്ത വിസിയുടെ നടപടിയെ ചോദ്യം ചെയ്ത് കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ കെ.എസ്.അനിൽകുമാർ. ഗവർണറെ അപമാനിച്ചിട്ടില്ല.
ഗവർണർ വേദിയിൽ ഇരിക്കുമ്പോൾ അല്ല പരിപാടി റദ്ദാക്കിയ വിവരം അറിയിച്ചിരുന്നത്. അതിന് മുൻപ് താൻ അറിയിപ്പ് നൽകിയിരുന്നു. പരിപാടി റദ്ദാക്കിയ വിവരം 5.45ന് അറിയിച്ചിരുന്നതാണ്. തനിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യങ്ങളിൽ പറഞ്ഞതൊന്നും ശരിയല്ല.
നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 25ന് അടിയന്തരാവസ്ഥയുടെ അമ്പതാണ്ട് എന്ന പേരിൽ പത്മനാഭ സേവാസമിതി സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചിരുന്നു.
തുടർന്ന് പ്രതിഷേധവുമായി എസ്എഫ്ഐയും കെഎസ്യുവും രംഗത്തുവന്നതോടെ രജിസ്ട്രാർ പരിപാടി റദ്ദാക്കുകയായിരുന്നു. ഗവർണറോട് രജിസ്ട്രാർ അനാദരവ് കാണിച്ചെന്നുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിസി നടപടിയെടുത്തത്.