ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ ചായ കടയ്ക്ക് തീപിടിച്ചു
Friday, April 25, 2025 11:45 PM IST
ഇരിങ്ങാലക്കുട: തൃശൂരിൽ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ ചായ കടയ്ക്ക് തീപിടിച്ചു. പുതകുളം ജംഗ്ഷന് സമീപം ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന ടീ സ്പോട്ട് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്.
വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് നാലോടെയാണ് തീപിടിത്തം ഉണ്ടായത്. കടയുടെ മുൻവശത്ത് നിന്നാണ് തീ പടർന്നത്. ചായകടയിലെ ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കടയാകെ തീ പടർന്ന ശേഷം സമീപത്തെ സ്നേഹ സ്റ്റോഴ്സിലേയ്ക്കും തീ പടർന്നു. തീപിടിത്തത്തിൽ ഈ കടയിലും വലിയ നാശ നഷ്ടങ്ങൾ സംഭവിച്ചു. ഇരിങ്ങാലക്കുട ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റ് വാഹനം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചായ കടയിലെ ഫ്രിഡ്ജ് ,കൂളർ ഉൾപെടെയുള്ള സാധനങ്ങൾ പൂർണമായും നശിച്ചു.