കാഷ്മീരിൽ ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞു; പ്രദേശത്ത് വ്യാപക തെരച്ചിൽ
Friday, April 25, 2025 3:54 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപിയനിൽ ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞു. സ്ഥലത്ത് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
അതേസമയം ലഷ്കർ ഇ തയ്ബ കമാൻഡറെ ഇന്ത്യൻ സേന വധിച്ചു. ബന്തിപ്പോര ഏറ്റുമുട്ടലിലാണ് ലഷ്കർ -ഇ- തൊയ്ബ കമാൻഡറെ വധിച്ചത്. അൽത്താഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. രണ്ട് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.
ജമ്മുകാഷ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. കുല്‍നാര്‍ ബാസിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരര്‍ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം പ്രദേശത്ത് എത്തിയത്. സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
അതിനിടെ പാക്കിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കുമെന്നാണ് സൂചന. 2021 മുതലുള്ള കരാർ റദ്ദാക്കാൻ സാധ്യതയുള്ളതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം കരസേന മേധാവി വിലയിരുത്തുമെന്നാണ് വിവരം.