ഭീകരരെ സഹായിക്കാറുണ്ടെന്ന് സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി
Friday, April 25, 2025 3:20 PM IST
ഇസ്ലാമാബാദ്: ഭീകരരെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ട് എന്ന് മന്ത്രി പ്രതികരിച്ചു.
ഇസ്ലാമബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങൾ ഭീകരർക്ക് സഹായം ചെയ്തതെന്ന് ആസിഫ് ന്യായീകരിച്ചു.
എന്നാല്‍ അതൊരു വലിയ തെറ്റായിരുന്നു. പാക്കിസ്ഥാൻ ഇപ്പോള്‍ അതിന്റെ പരിണിതഫലങ്ങള്‍ നേരിടുകയാണ്. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 2001 സെപ്റ്റംബര്‍ 11ല്‍ യുഎസില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷമുണ്ടായ യുദ്ധത്തിലും യുഎസിനൊപ്പം പങ്കുചേര്‍ന്നിരുന്നില്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാന് മികച്ച പ്രതിച്ഛായ ഉണ്ടാകുമായിരുന്നെന്നും ആസിഫ് കൂട്ടിച്ചേർത്തു.
പാക് പിന്തുണയോടെയാണ് ഭീകരർ ആക്രമണം നടത്തുന്നതെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്നതിനിടെയാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍.