""പഹല്‍ഗാമില്‍ ആക്രമണം നടത്തിയവർ സ്വാതന്ത്ര്യസമര സേനാനികൾ''; ഭീകരരെ പുകഴ്ത്തി പാക് മന്ത്രി
Friday, April 25, 2025 12:14 PM IST
ഇസ്ലാമബാദ്: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ പ്രശംസിച്ച് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ധര്. ഭീകരര്‍ സ്വാതന്ത്രസമര സേനാനികളാണെന്നായിരുന്നു പരാമര്‍ശം.
ഇസ്ലാമബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഏപ്രില്‍ 22ന് ജമ്മു കാഷ്മീരിലെ പഹല്‍ഗാം ജില്ലയില്‍ ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യസമര സേനാനികളായിരിക്കാമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ തിരിച്ചടി നല്‍കുമെന്നും ഇഷാഖ് ധര് കൂട്ടിച്ചേർത്തു.
അതിര്‍ത്തിയിലെ പാക് സേനയുടെ പ്രകോപനത്തിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം. ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും വ്യാഴാഴ്ച രാത്രി മുതലാണ് പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. പാക് പ്രകോപനത്തിന് ഉടൻ തന്നെ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. വെടിവയ്പ്പില്‍ ആർക്കും പരിക്കില്ല.