ഐപിഎൽ; ഹൈദരാബാദിനെതിരേ മുംബൈക്ക് ഏഴ് വിക്കറ്റിന്റെ ജയം
Wednesday, April 23, 2025 11:10 PM IST
ഹൈദരാബാദ്: ഐപിഎല്ലിൽ സൺ റെസേഴ്സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ഏഴ് വിക്കറ്റിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്.
ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് ഉയർത്തിയ 143 റൺസ് 15.4 ഓവറിൽ മുംബൈ മറികടന്നു. വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 146 റൺസാണ് മുംബൈ അടിച്ചെടുത്തത്.
രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 70 റൺസ് എടുത്ത രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്കോറർ.
46 പന്തിൽ എട്ട് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. 19 പന്തിൽ അഞ്ച് ബൗണ്ടറിയും രണ്ട് സിക്സും അടക്കം 40 റൺസ് എടുത്ത് സൂര്യകുമാർ യാദവും മുംബൈയുടെ ജയം അനായാസമാക്കി. 19 പന്തിൽ 22 റൺസ് എടുത്ത് വിൽ ജാക്സും മുംബൈക്കായി തിളങ്ങി.
ഹൈദരാബാദിനായി ജയ്ദേവ് ഉനദ്കദ്, ഇഷാൻ മലിംഗ, സീഷാൻ മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് എടുത്തത്.
കലീസെന്റെയും അഭിനവ് മനോഹറിന്റെയും ഇന്നിംഗ്സിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. 44 പന്തിൽ 77 റൺസാണ് കലീസെൻ എടുത്തത്. 37 പന്തിൽ 43 റൺസ് എടുത്ത് അഭിനവ് മനോഹറും തിളങ്ങി.
ഇന്നത്തെ ജയത്തോടെ 10 പോയിന്റുകളുമായി മുംബൈ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.