തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിലെന്ന് സൂചന
Tuesday, April 22, 2025 11:50 AM IST
കോട്ടയം: തിരുവാതുക്കലില്‍ പ്രമുഖ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്നാണ് സൂചന.
വിജയകുമാറിന്റെ വീട്ടില്‍ നേരത്തേ ജോലിക്ക് നിന്നിരുന്ന ആളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇയാളെ പിന്നീട് ജോലിയില്‍നിന്ന് പറഞ്ഞുവിട്ടിരുന്നു.
തിരുവാതുക്കലിലെ ഇവരുടെ വീടിനുള്ളിലെ രണ്ട് മുറികളിലായി വസ്ത്രങ്ങൾ ഇല്ലാത്ത നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.
രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് അടക്കം ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കോട്ടയം നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍.