എട്ട് ചീറ്റകൾക്കൂടി എത്തുന്നു; ആദ്യ സംഘം മേയിൽ വരും
Saturday, April 19, 2025 3:08 PM IST
ഭോപ്പാൽ: എട്ട് ചീറ്റകളെ കൂടി ഇന്ത്യയിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ്. ബോട്സ്വാന, കെനിയ എന്നിവിടങ്ങളിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായാണ് എട്ട് ചീറ്റകളെ എത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
മേയ് മാസത്തോടെ ബോട്സ്വാനയിൽ നിന്ന് നാല് ചീറ്റകളെ എത്തിക്കും. ഇതിനുശേഷം കെനിയയിൽ നിന്ന് നാലു ചീറ്റകളെക്കൂടി എത്തിക്കും. ഇതു സംബന്ധിച്ച് കെനിയയുമായി ഉടൻ കരാറിലെത്തുമെന്നും ദേശീയ കടുവ സംരക്ഷണ അഥോറിറ്റി അറിയിച്ചു.
ചീറ്റ പദ്ധതിക്കായി രാജ്യത്ത് ഇതുവരെ 112 കോടിയിലധികം രൂപ ചെലവഴിച്ചതായി എൻടിസിഎ ഉദ്യോഗസ്ഥർ പറഞ്ഞു. അതിൽ 67 ശതമാനം മധ്യപ്രദേശിലെ ചീറ്റ പുനരധിവാസത്തിനായി ചെലവഴിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു.
കുനോ ദേശീയോദ്യാനത്തിൽ 26 ചീറ്റകളാണുള്ളത്. അതിൽ 16 എണ്ണം തുറന്ന വനത്തിലും 10 എണ്ണം പുനരധിവാസ കേന്ദ്രത്തിലുമാണ്. ജ്വാല, ആശ, ഗാമിനി, വീര എന്നീ ചീറ്റകൾ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും അധികൃതർ പറഞ്ഞു.