സർക്കാരിന്റെ നാലാം വാർഷികാഘോഷം; യുഡിഎഫ് ബഹിഷ്കരിക്കും
Saturday, April 19, 2025 10:42 AM IST
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ നാലാം വാർഷികം ആഘോഷിക്കാൻ സർക്കാരിന് ധാർമിക അവകാശമില്ല.
പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പത്തെ പ്രശ്നത്തിൽ സംസ്ഥാന സർക്കാരാണ് പ്രതി. ഭൂമി വിട്ടുകൊടുത്ത സേഠിന്റെ കുടുംബവും ഫറൂക് കോളജ് മാനേജ്മെന്റും ഭൂമി വഖഫല്ലെന്ന് പറയുമ്പോഴും വഖഫ് ബോർഡാണ് വിഷയത്തിൽ കടുംപിടിത്തം തുടരുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നതാണ് താൻ നേരത്തെ പറഞ്ഞത്. അത് തന്നെയാണ് ശരി. യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് മിനിറ്റിൽ പ്രശ്നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും വി.ഡി.സതീശൻ പറഞ്ഞു.