കുരിശിന്റെ വഴിയേ..! ത്യാഗസ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Friday, April 18, 2025 8:54 AM IST
കോട്ടയം: കാൽവരിയിലെ മഹാത്യാഗത്തിന്റെ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. മാനവരക്ഷയ്ക്കായി കുരിശിൽ ജീവൻ അർപ്പിച്ച ക്രിസ്തുവിന്റെ ഉദാത്തമായ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്നു ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ നടക്കും.
പീഡാനുഭവ ചരിത്രവായനയും വിശുദ്ധകുരിശിന്റെ ചുംബനവും, പീഡാനുഭവ ദിനത്തിന്റെ സന്ദേശവും തുടർന്ന് പരിഹാരപ്രദക്ഷിണവും നടക്കും. നോന്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ ആത്മവിശുദ്ധീകരണത്തിന്റെ ചൈതന്യത്തിലേക്കു കടന്നുവന്ന വിശ്വാസ സമൂഹം ക്രൂശിതനു പിന്നാലെ പ്രാർഥനാമന്ത്രങ്ങളുമായി കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളെയും ധ്യാനിച്ചാണ് പരിഹാര പ്രദക്ഷിണം.
പ്രധാന ടൗണുകളിൽ വിവിധ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കുരിശിന്റെ വഴി ക്രമീകരിച്ചിട്ടുണ്ട്. നേർച്ചക്കഞ്ഞി വിതരണത്തോടെയാണ് ശുശ്രൂഷകൾ പൂർത്തീകരിക്കുന്നത്.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്കാ ദേവാലയത്തിൽ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.
ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. യാക്കോബായ സഭ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക ബാവ മണർകാട് സെന്റ് മേരീസ് ദേവാലയത്തിലെ ചടങ്ങുകളിൽ പങ്കെടുക്കും.
ശനിയാഴ്ച ദുഃഖശനിയോടനുബന്ധിച്ച പ്രത്യേക പ്രാർഥനകളും പുത്തൻ തീ, വെള്ളം എന്നിവയുടെ വെഞ്ചരിപ്പും ദേവാലയങ്ങളിൽ നടക്കും. ഉയിർപ്പ് ശുശ്രൂഷകൾക്ക് ശനിയാഴ്ച രാത്രി തുടക്കമാകും.
മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആയിരക്കണക്കിന് വിശ്വാസികളാണ് ദുഃഖവെള്ളി ദിനത്തിൽ കുരിശുമല കയറുന്നത്.