യൂട്യൂബറുടെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞയാൾക്ക് പരിശീലനം നൽകി; സൈനികൻ അറസ്റ്റിൽ
Friday, April 18, 2025 12:58 AM IST
ചണ്ഡീഗഡ്: യൂട്യൂബറുടെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞയാൾക്ക് പരിശീലനം നൽകിയ സൈനികൻ അറസ്റ്റിൽ. സുഖ്ചരൺ സിംഗ് എന്നയാളാണ് പിടിയിലായത്.
സൈനികനെ ജലന്ധറിലെ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ മുഖ്യപ്രതിയായ ഹാർദിക് കംബോജ് മാർച്ച് 15നാണ് യൂട്യൂബർ റോസർ സന്ധുവിന്റെ വീടിന് നേരെ ഹാൻഡ് ഗ്രനേഡ് എറിഞ്ഞത്. എന്നാൽ ഗ്രനേഡ് പൊട്ടിത്തെറിച്ചില്ല.
അന്വേഷണത്തിൽ ഗ്രനേഡ് എറിയുന്നതിന് സുഖ്ചരൺ സിംഗ്, ഹാർദിക് കംബോജിന് ഓൺലൈനിലൂടെ പരിശീലനം നൽകിയതായി സീനിയർ പോലീസ് സൂപ്രണ്ട് (ജലന്ധർ റൂറൽ) ഹർവീന്ദർ സിംഗ് വിർക്ക് പറഞ്ഞു.
ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും സൗഹൃദത്തിലായത്. കേസിൽ സുഖ്ചരൺ സിംഗിന്റെ പങ്കിനെക്കുറിച്ച് സൈനിക അധികൃതരെ അറിയിച്ചതായി പോലീസ് പറഞ്ഞു. കേസിൽ ഹാർദിക് കംബോജ് ഉൾപ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.