സുഹൃത്ത് ആഡംബര വീടുവച്ചു: സാമ്പത്തിക വളർച്ചയിൽ അസൂയ; 18കാരനെ വിഷം കൊടുത്ത് കൊന്ന് അയൽവാസി
Wednesday, April 16, 2025 12:59 AM IST
മുംബൈ: സുഹൃത്തായ യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. മഹാരഷ്ട്രയിലെ നാഗ്പൂർ നഗരത്തിലാണ് സംഭവം.
ഹഡ്കേശ്വറിലെ നീലകാന്ത് നഗറിൽ താമസിക്കുന്ന മിഥലേഷ് എന്ന മന്ഥൻ രാജേന്ദ്ര ചക്കോലി (19) നെയാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയും സുഹൃത്തുമായ വേദാന്ത് എന്ന വിജയ് കാളിദാസ് ഖണ്ഡേറ്റെയെയാണ് ഇയാൾ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്.
വേദാന്തിന്റെ കുടുംബം ഉയർന്ന സാമ്പത്തിക പശ്ചാത്തലമുള്ളവരായിരുന്നു. അടുത്തിടെ ഇവർ പ്രതിയുടെ വീടിന് സമീപത്തായി ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനിലവീട് പണികഴിപ്പിച്ചു.
എന്നാൽ പ്രതി ഒരു ചെറിയ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിൽ അസൂയ തോന്നിയ മിഥിലേഷ് സുഹൃത്തിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഏപ്രിൽ എട്ടിന്, മിഥിലേഷ് വേദാന്തിനെ അടുത്തുള്ള ഒരു ‘പാൻ’ കടയിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് ഇരുവരും ശീതളപാനീയങ്ങൾ കുടിച്ചു.
പ്രതി വേദാന്തിന്റെ പാനീയത്തിൽ പാറ്റയെ അകറ്റുന്ന ഒരു ജെൽ ചേർത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിലേക്ക് മടങ്ങിയ വേദാന്തിന്. തലകറക്കം അനുഭവപ്പെട്ടു. ആരോഗ്യനില പെട്ടന്ന് വഷളായതോടെ യുവാവിനെ സക്കർദാരയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.
വേദാന്തത്തിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണകാരണം വിഷം ഉള്ളിൽ ചെന്നാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് പോലീസിനെ പ്രതിയിലേക്കെത്തിച്ചത്.