തൊടുപുഴ ബിജു വധക്കേസ്; ഒരാൾക്കൂടി അറസ്റ്റിൽ
Saturday, April 12, 2025 6:36 AM IST
ഇടുക്കി: തൊടുപുഴ ബിജു വധക്കേസിൽ നിര്‍ണായക വിവരങ്ങളറിയുന്ന പ്രതി അറസ്റ്റിൽ. പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും ബിസിനസ് സഹായിയുമാണ് ഇയാൾ.
തട്ടിക്കൊണ്ടുപോകലുൾപ്പെടെ മുഴുവൻ കാര്യങ്ങളും ജോമോൻ നേരത്തെ എബിനുമായി സംസാരിച്ചിരുന്നു. ഇരുവരുടെയും നിർണായക ഫോൺ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.
കൊലപാതകത്തിനുശേഷം ജോമോൻ ആദ്യം ഫോണിൽ വിളിച്ച് ദൃശ്യം സിനിമയുടെ നാലാം ഭാഗം നടപ്പാക്കിയെന്ന് എബിനോട് പറഞ്ഞിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ക്വട്ടേഷൻ സംഘാംഗങ്ങളെ കൊച്ചിയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ദിവസവും ജോമോൻ എബിന് വിവരങ്ങൾ നൽകിയിരുന്നു.
ഓമ്നി വാൻ കിട്ടുമോ എന്നും ജോമോൻ എബിനോട് ചോദിച്ചിരുന്നു. കൃത്യത്തിന് ശേഷം പുതിയ ഫോൺ വാങ്ങാൻ ജോമോന് പണം നൽകിയതും എബിനാണെന്നാണ് വിവരം.