കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടനയായി എസ്എഫ്ഐ മാറി: വി.ഡി. സതീശൻ
Friday, April 11, 2025 12:48 PM IST
കാസർഗോഡ്: കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടനയായി എസ്എഫ്ഐ മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വ്യാഴാഴ്ച തിരുവനന്തപുരത്തും ഇന്ന് പുലര്‍ച്ചെ എറണാകുളത്തും എസ്എഫ്ഐക്കാര്‍ നടത്തിയ ആക്രമണം അതിന്റെ തെളിവാണ്. കേരളത്തിലെ ലഹരിവ്യാപനത്തിന്റെ കണ്ണികളാണ് എസ്എഫ്ഐ എന്നും സിപിഎം അവരെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്കി ക്രിമിനലുകള്‍ ആക്കുകയാണെന്നും സതീശന് കാസർഗോഡ് പറഞ്ഞു.
ഇന്നലെ രാത്രി കേരള യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങിവന്ന കെഎസ്യുക്കാരെ എസ്എഫ്ഐക്കാര്‍ ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടികളെ പോലും പുറകില്‍ നിന്നെത്തി മര്‍ദിച്ചു.
കൊച്ചിയില്‍ ഇന്ന് വെളുപ്പാന്‍ കാലത്ത് എറണാകുളം ജില്ലാ ബാര്‍ അസോസിയേഷന്റെ വാര്‍ഷിക പരിപാടിയില്‍ കയറി അതിക്രമം നടത്തി. അവര്‍ ഉണ്ടാക്കിവച്ച ഭക്ഷണം മുഴുവന്‍ കഴിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകളെ അധിക്ഷേപിച്ചു.
പ്രശ്നമുണ്ടാക്കിയ എസ്എഫ്ഐ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സംഘടിതമായി വന്ന് അവര്‍ അക്രമണം നടത്തുകയായിരുന്നു. പത്തുപേര്‍ ആശുപത്രിയിലാണ്. സിപിഎം അഭിഭാഷകയൂണിയനില്‍പ്പെട്ടവര്‍ക്കും എസ്എഫ്ഐക്കാരുടെ അടി കിട്ടിയെന്ന് സതീശന് പറഞ്ഞു.