കേരള സർവകലാശാല സംഘർഷം: കെഎസ്യു, എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസെടുത്തു
Friday, April 11, 2025 11:25 AM IST
തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് വ്യാഴാഴ്ചയുണ്ടായ സംഘർഷത്തില്‍ പോലീസ് കേസെടുത്തു. അഞ്ച് എസ്എഫ്ഐ നേതാക്കൾക്കെതിരേയും അഞ്ച് കെഎസ്യു നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
കൂടാതെ കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേർക്കെതിരെയും കന്റോൺമെന്റ് പൊലീസ് കേസെടുത്തു. സംഘം ചേരൽ, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിവ ചുമത്തിയാണ് കേസ്.
കേരള സർവകലാശാല യൂണിയന് തെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് സംഘർഷമുണ്ടായത്. വ്യാഴാഴ്ച രാവിലെ യൂണിയന് തെരഞ്ഞെടുപ്പ് ആരംഭിച്ചതു മുതല്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. വൈകുന്നേരം ആറോടെ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെയാണ് സ്ഥിതിഗതികള്‍ രൂക്ഷമായത്.
യൂണിവേഴ്സിറ്റിക്കുപുറത്തും ആശാന് സ്ക്വയറിലുമായി കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനായി പോലീസ് പലതവണ ലാത്തിചാര്‍ജ് നടത്തി.