വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Tuesday, April 8, 2025 10:37 AM IST
മലപ്പുറം: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി.
സംഭവത്തിൽ കുടുംബത്തിന്റെ വിശദമായ മൊഴിയെടുക്കുമെന്ന് മലപ്പുറം എസ്പി അറിയിച്ചു. സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂർ സ്വദേശിനിയുമായ അസ്മയാണ് കഴിഞ്ഞദിവസം മലപ്പുറം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടിൽ മരിച്ചത്.
പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സിറാജുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലായ യുവതി മൂന്ന് മണിക്കൂറോളം വീട്ടിൽ കിടന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോവാൻ സിറാജുദ്ദീൻ തയാറായിരുന്നില്ലെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.