വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം
Tuesday, April 8, 2025 8:48 AM IST
കോഴിക്കോട്: വിവാദ പ്രസംഗത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം.
മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തിലാണ് പോലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി നടേശൻ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്നതിൽ പ്രസംഗത്തിൽ വ്യക്തതയില്ലെന്നാണ് നിയമോപദേശം.
എട്ട് പരാതികൾ ലഭിച്ച എടക്കര പോലീസിനാണ് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചിരുന്നു.
മലപ്പുറം ജില്ലയ്ക്കെതിരെ വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന് പറഞ്ഞത്.
എന്നാൽ താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമായിരുന്നു വിവാദങ്ങൾക്ക് പിന്നാലെയുള്ള വെള്ളാപ്പള്ളിയുടെ പ്രതികരണം.
ഈഴവ സമുദായത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് ഒരു അൺ എയ്ഡഡ് കോളജ് പോലും തങ്ങൾക്ക് കിട്ടിയിട്ടില്ല. ലീഗ് ഈഴവ സമുദായത്തെയും തന്നെയും ചതിച്ചു.
മലപ്പുറം മുസ്ലിങ്ങളുടെ ഒരു രാജ്യമല്ല, പരാമർശങ്ങൾ തെറ്റായ രീതിയിൽ വളച്ചൊടിക്കുകയായിരുന്നു. താൻ മുസ്ലിം വിരോധിയല്ലെന്നും ബാബരി മസ്ജിദ് തകർത്തപ്പോൾ എസ്എൻഡിപിയല്ലേ എതിർത്തത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.