കാട്ടാനയാക്രമണത്തിൽ മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും; പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് വനം മന്ത്രി
Sunday, April 6, 2025 10:51 PM IST
പാലക്കാട്: കാട്ടാനയാക്രമണമുണ്ടായ മുണ്ടൂരിൽ പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ചീഫ് വൈൽഡ് ലൈഫ് വാർഡനും കളക്ടർക്കും ഇതു സംബന്ധിച്ച് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
പ്രദേശത്ത് തുടരുന്ന മൂന്ന് ആനകളെ വനത്തിലേക്ക് തുരത്തും. മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് മുണ്ടൂരിൽ കണ്ണാടൻചോലക്ക് സമീപത്ത് രാത്രി എട്ടോടെ ആണ് കാട്ടാനയാക്രമണമുണ്ടായത്. കയറംങ്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. അമ്മയുടെ തോളെല്ലിനാണ് പരിക്കേറ്റത്.
ഇവർ വൈകിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആന ആക്രമിച്ചത്. അലന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.