"ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം': അമ്പലപ്പറമ്പിലെ വിപ്ലവഗാനത്തെ വിമർശിച്ച് ഹൈക്കോടതി
Thursday, April 3, 2025 2:06 PM IST
കൊച്ചി: കടയ്ക്കൽ ക്ഷേത്രത്തില്‍ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരമൊരു കാര്യം ഒരിക്കലും അമ്പലപ്പറമ്പിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്നും പോലീസ് കേസെടുക്കേണ്ടതായിരുന്നു എന്നും കോടതി പറഞ്ഞു.
ക്ഷേത്രങ്ങള്‍ ഇതിനുള്ള സ്ഥലമല്ലെന്നും കോടതി ആവര്‍ത്തിച്ചു. ക്ഷേത്രങ്ങളില്‍ ആളുകള്‍ വരുന്നത് ഉത്സവം കാണാനാണെന്നും വിപ്ലവ ഗാനം കേള്‍ക്കാനല്ലെന്നും കോടതി പറഞ്ഞു. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും ഉയർത്തിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചു. ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചോദിച്ചു.
ഗാനമേളക്ക് എത്ര തുക ചെലവഴിച്ചുവെന്ന് ചോദിച്ച കോടതി എങ്ങനെയാണ് പിരിച്ചത് എന്നറിയിക്കണമെന്നും നിർദേശിച്ചു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഗാനമേളയുടെ ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കും.
സ്റ്റേജിന്റെ പശ്ചാത്തലത്തില്‍ സിപിഎം, ഡിവൈഎഫ്ഐ പതാകകള്‍ പ്രദര്‍ശിപ്പിച്ചിരുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് കോടതി പരിപാടിയുടെ സമ്പൂര്‍ണ വീഡിയോ ദൃശ്യം ആവശ്യപ്പെട്ടത്.