വഖഫ് ബിൽ ലോക്സഭ കടന്നു രാജ്യസഭയിൽ; ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ബിൽ അവതരിപ്പിക്കും
Thursday, April 3, 2025 11:42 AM IST
ന്യൂഡല്‍ഹി: ലോക്സഭയിൽ പാസായ വഖഫ് ബില്‍ രാജ്യസഭയില്‍. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ബിൽ രാജ്യസഭയില്‍ അവതരിപ്പിക്കും. വഖഫ് (ഭേദഗതി) ബിൽ ഉപരിസഭയിൽ അവതരിപ്പിച്ചതിനുശേഷം ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ രാജ്യസഭയിൽ സംസാരിക്കും.
ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. രാജ്യസഭ കടന്നാൽ ബില്ലിന് പാർലമെന്റിന്റെ അംഗീകാരമാകും. തുടർന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വഖഫ് ബോർഡുകളുടെയും വഖഫ് കൗൺസിലുകളുടെയും അടിസ്ഥാനരൂപം പൊളിച്ചെഴുതുന്ന "വഖഫ് ഭേദഗതി ബിൽ -2025' ലോക്സഭയിൽ പാസായത്.
ബില്ലിന്മേൽ എട്ടു മണിക്കൂർ ചർച്ചയ്ക്കാണു കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നതെങ്കിലും 12 മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് ബിൽ പാസാക്കിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചർച്ച രാത്രി വൈകി 12 വരെ നീണ്ടിരുന്നു.
ബില്ല് രാജ്യസഭയിലും പാസാക്കിയശേഷം രാഷ്ട്രപതി അംഗീകാരം നൽകുന്നതോടെ നിയമത്തിന്റെ പേര് "ഏകീകൃത വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട് 1995’എന്നായി മാറും.