രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടി; ലാലു പ്രസാദ് യാദവ് ആശുപത്രിയിൽ
Thursday, April 3, 2025 1:23 AM IST
പാറ്റ്ന: രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിച്ച് ആരോഗ്യനില മോശമായതിനെ തുടർന്ന് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ചയാണ് 76കാരനായ ലാലു പ്രസാദിനെ ആശുപത്രിയിലെത്തിച്ചത്. ഡൽഹിയിലേക്കു പോകാൻ പാറ്റ്ന വിമാനത്താവളത്തിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്.
തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ വൈകീട്ടോടെ ലാലു പ്രസാദിനെ പാറാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് എയർ ആംബുലൻസിൽ ഡൽഹി എയിംസിലേക്ക് മാറ്റുകയും ചെയ്തു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായ അളവിൽ കൂടിയത് അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഹൃദയ സംബദ്ധമായ അസുഖങ്ങൾ നേരത്തേയുണ്ട് ലാലു പ്രസാദ് യാദവിന്.
കഴിഞ്ഞ വർഷം മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ലാലു പ്രസാദിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 2014ൽ ഇതേ ആശുപത്രിയിൽ വച്ചു തന്നെ അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കാനുള്ള ശസ്ത്രക്രിയയും നടത്തി.
ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് അതേ വർഷം ജൂലൈയിൽ അദ്ദേഹത്തെ എയിംസിലേക്ക് മാറ്റുകയും ചെയ്തു.
2022ൽ സിംഗപ്പൂരിൽ വെച്ച് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഇളയ മകൾ രോഹിണി ആചാര്യയാണ് വൃക്ക നൽകിയത്