വിവാഹം നടത്താൻ ഒരു വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടു; യുവാവ് കാമുകിയെ കുത്തി, അമ്മയെ കൊലപ്പെടുത്തി
Thursday, April 3, 2025 12:57 AM IST
വിശാഖപട്ടണം: വിവാഹം നടത്താൻ ഒരു വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ്, യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ കുത്തിക്കൊന്നു. വിശാഖപട്ടണത്താണ് സംഭവം.
നവീൻ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ ശങ്ക ബ്രത ബാഗ്ചി പറഞ്ഞു.
നവീനും നക്ക ദീപിക(20) എന്ന പെൺകുട്ടിയും കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു. വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഒരു വർഷം കഴിഞ്ഞ് നടത്താമെന്ന് ദീപികയുടെ പിതാവ് നവീനോടു പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വിശാഖപട്ടണത്തെ കൊമ്മാടി പ്രദേശത്തെ സ്വയംകൃഷി നഗറിലുള്ള ദീപികയുടെ വീട്ടിലേക്ക് കത്തിയുമായി എത്തിയ നവീൻ, ദീപികയെ കുത്തി. തടയാൻ ശ്രമിച്ച ദീപികയുടെ അമ്മ ലക്ഷ്മി(43)യെയും നവീൻ ആക്രമിച്ചു.
ലക്ഷ്മി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദീപിക ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ നവീൻ ഓടിരക്ഷപെട്ടു. തുടർന്ന് ശ്രീകാകുളം ജില്ലയ്ക്ക് സമീപത്ത് നിന്നുമാണ് നവീനെ അറസ്റ്റ് ചെയ്തത്.