കെഎസ്ആർടിസിയിലെ ഹിതപരിശോധന: വരണാധികാരിയെ നിയമിച്ചു
പ്രദീപ് ചാത്തന്നൂർ
Wednesday, April 2, 2025 10:07 PM IST
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കുന്നതിനുള്ള വരണാധികാരിയെ നിയോഗിച്ചു. അഡീഷണൽ ലേബർ കമ്മീഷണർ (ഐആർ) കെ.എം.സുനിലിനെയാണ് വരണാധികാരിയായി നിയമിച്ചത്.
അഞ്ചു ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കണം. അന്നുമുതൽ ഏഴ് ദിവസത്തിനകം വോട്ടർ പട്ടിക പരിശോധിച്ച് വോട്ടർമാരെ നിശ്ചയിക്കണം. വരണാധികാരിയെ നിയമിച്ച ദിവസം മുതൽ 40 ദിവസത്തിനകം ഹിതപരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ലേബർ കമ്മീഷണർക്ക് നല്കണമെന്നാണ് വരണാധികാരിക്കുള്ള ഉത്തരവ്.
കഴിഞ്ഞ തവണ നടന്ന ഹിതപരിശോധനയിൽ മൂന്ന് യൂണിയനുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഒരു ഹിതപരിശോധനയുടെ കാലാവധി മൂന്നു വർഷമാണ്. കഴിഞ്ഞ തവണ നടന്ന ഹിതപരിശോധനയുടെ കാലാവധി കഴിഞ്ഞിട്ട് ഒന്നേകാൽ വർഷത്തിലേറെയായി. ഹിതപരിശോധന നീണ്ടു പോയ കാലയളവിൽ അംഗീകൃത യൂണിയനുകൾ ഇല്ല എന്ന അവസ്ഥയായിരുന്നു.
വരണാധികാരിയെ നിയമിക്കും മുമ്പുതന്നെ ലേബർ കമ്മീഷണർ ഹിതപരിശോധനയുടെ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. കെഎസ്ആർടിസിയിലെ രജിസ്ട്രേഡ് ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളുടെ യോഗം ചേരുകയും ഹിത പരിശോധനയിൽ പങ്കെടുക്കാൻ താത്പര്യമുള്ള യൂണിയനുകളിൽ നിന്ന് 1,100 രൂപ ഫീസ് സഹിതം അപേക്ഷ ( ഫോംഎ ) സ്വീകരിക്കുകയും ചെയ്തു.
അടുത്തഘട്ടമായി അപേക്ഷകൾ പരിശോധിക്കുകയും മത്സരിക്കാൻ അർഹതയുള്ള യൂണിയനുകളുടെ (ഫോം ഡി) തയാറാക്കുകയും ചെയ്തിരുന്നു. വരണാധികാരി അഞ്ചിന് മുമ്പ് തെരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിക്കും. മേയ് 10ന് മുമ്പ് ഹിതപരിശോധന നടപടികൾ പൂർത്തിയാകും.
എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) , ഐഎൻടിയുസി നേതൃത്വത്തിലുള്ള റ്റിഡിഎഫ്, എംപ്ലോയീസ് സംഘ് (ബിഎംഎസ് ) എന്നീ സംഘടനകൾക്കാണ് ജീവനക്കാരുടെ അംഗീകാരം ലഭിച്ചത്. ബിഎംഎസിന് ആദ്യമായാണ് അംഗീകാരം ലഭിച്ചത്.