ശബരിമല ഉത്സവത്തിനു കൊടിയേറി; 18 ദിവസം ദര്‍ശനത്തിന് അവസരം
Wednesday, April 2, 2025 8:27 PM IST
പത്തനംതിട്ട: ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ പൈങ്കുനി ഉത്രം മഹോത്സവത്തിന് കൊടിയേറി. ബുധനാഴ്ച രാവിലെ 9.45നും 10.45നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തന്, മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റിയത്.
തന്ത്രിയുടെ കാർമികത്വത്തില്‍ കിഴക്കേ മണ്ഡപത്തില്‍ പൂജിച്ച കൊടിക്കൂറ ശ്രീകോവിലില്‍ എത്തിച്ച് ദേവചൈതന്യം ആവാഹിച്ചു. തുടര്‍ന്ന് കൊടിമരച്ചുവട്ടിലെ പൂജകള്‍ക്കുശേഷമാണ് പത്തു ദിവസത്തെ ഉത്സവത്തിന് കൊടിയേറിയത്. വ്യാഴാഴ്ച മുതല്‍ ഉത്സവ ബലിയും ആറു മുതൽ വൈകുന്നേരം വിളക്കിന് എഴുന്നള്ളത്തും നടക്കും.
10ന് പള്ളിവേട്ടയും 11ന് പമ്പയില്‍ ആറാട്ടും നടക്കും. ഉത്സവം കഴിഞ്ഞ് വിഷുവിനോടനുബന്ധിച്ച് പൂജകള്‍ കൂടി വരുന്നതിനാല്‍ തുടര്‍ച്ചയായി 18 ദിവസം ദര്‍ശനത്തിന് അവസരം ലഭിക്കും.