കർണാടകയിലെ വാഹനാപകടം: രണ്ട് മക്കള്‍ക്കു പിന്നാലെ അച്ഛനും മരിച്ചു
Wednesday, April 2, 2025 12:45 PM IST
കോഴിക്കോട്: പെരുന്നാള്‍ ആഘോഷിക്കാന്‍ മൈസൂരുവിലേക്ക് പോകുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ കര്‍ണാടക ഗുണ്ടൽപേട്ടയിലെ നഞ്ചന്‍കോട് ട്രാവലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി.
മൈസൂര്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൊറയൂര്‍ അരിമ്പ്ര അത്തിക്കുന്ന് മന്നിയില്‍ അബ്ദുള്‍ അസീസാ (50)ണ് ചൊവ്വാഴ്ച രാത്രി മരിച്ചത്. അബ്ദുള്അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്സാദ് (24), മുസ്കാനുല്‍ ഫിര്‍ദൗസ് (21) എന്നിവര്‍ നേരത്തേ മരിച്ചിരുന്നു.
പരിക്കേറ്റ മറ്റ് ആറുപേര്‍ ചികിത്സയില്‍ തുടരുകയാണ്. കൊണ്ടോട്ടിക്കടുത്ത് മൊറയൂര്‍ അരിമ്പ്രയിലെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ മൈസൂരു കൊപ്പയിലെ ഭാര്യ രേഷ്മയുടെ വീട്ടിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുന്നതിനിടെ രാവിലെ എട്ടിനായിരുന്നു അപകടമുണ്ടായത്.
കാര്‍ ഓടിച്ചിരുന്ന ഷഹ്സാദ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഷഹ്സാദ് വിദേശത്ത് നിന്ന് പെരുന്നാളിന് അവധിക്കെത്തിയതായിരുന്നു. കര്‍ണാടക രജിസ്ട്രേഷനിലുള്ള ട്രാവലറുമായാണ് കാര്‍ കൂട്ടിയിടിച്ചത്.
അബ്ദുള്‍ അസീസിന്റെ മറ്റു മക്കളായ മുഹമ്മദ് അദ്നാന് (18), മുഹമ്മദ് ആദില്‍ (16), സഹ്ദിയ സുല്ഫ (25), സഹ്ദിയയുടെ മക്കളായ ആദം റബീഹ് (അഞ്ച്), അയ്യത്ത് (എട്ട് മാസം), അബ്ദുള്‍ അസീസിന്റെ സഹോദരന് മുഹമ്മദലിയുടെ മകന് മുഹമ്മദ് ഷാനിജ് (15) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
ഇവർ ഗുണ്ടല്‍പേട്ടിലെ വിവിധ ആശുപത്രികളില്‍ കഴിയുകയാണ്. മുസ്കാനുല്‍ ഫിര്‍ദൗസിന്റെ കബറടക്കം ഇന്ന് രാവിലെ അരിമ്പ്ര പഴങ്ങരത്തൊടി ജുമാമസ്ജിദിലും മുഹമ്മദ് ഷഹ്ഷാദിനന്റെ കബറടക്കം ചൊവ്വാഴ്ച രാത്രി വലിയപറമ്പ് ചാലില്‍ ജുമാമസ്ജിദിലും നടന്നു.