കുട്ടികളിലെ ലഹരി ഉപയോഗം നാടിനെ ബാധിക്കുന്നു; ലഹരിയുടെ വേരറുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി
Sunday, March 30, 2025 2:31 PM IST
തിരുവനന്തപുരം: കുട്ടികളിൽ ലഹരി ഉപയോഗവും അക്രമോത്സുകതയും വർധിക്കുന്നുവെന്നും അത് സമൂഹത്തെ ഗൗരവതരമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വ്യാപനം തടയാന്‍ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലഹരിയെ വേരോടെ അറുത്തുമാറ്റുന്നതിന് ഭരണ നടപടികൾക്കൊപ്പം സാമൂഹിക ഇടപെടലും വേണം. അതിനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾക്ക് വേണ്ടിയാണ് യോഗം. ലഹരിയെ വേരോടെ അറുത്തു മാറ്റുന്നതിന് ഭരണ നടപടികൾക്ക് ഒപ്പം സാമൂഹിക ഇടപെടലും വേണം. അതിനുള്ള ക്രിയാത്മക നിർദേശങ്ങൾക്ക് വേണ്ടിയാണ് യോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മയക്കു മരുന്ന് ഉപയോഗം വർധിച്ചു വരികയാണ്. കുട്ടികളിൽ അക്രമ വാസന വർധിച്ചു വരുന്നു. ഇത് ആഗോള തലത്തിൽ ഉണ്ടാകുന്ന പ്രതിഭാസമാണ്. സമഗ്ര മേഖലയിലും ലഹരി മാഫിയ പിടിമുറുക്കി. ലഹരിക്കെതിരെ കര്‍ശന നടപടി എടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐക്യരാഷ്ട്രസഭ പറയുന്നത് ലോകത്ത് ആകെ ലഹരി ഉപയോഗത്തിൽ വർധന ഉണ്ടായിരിക്കുന്നുവെന്നാണ്. പ്രശ്നത്തെ കൈയും കെട്ടി നിഷ്ക്രിയരായി നോക്കിനില്ക്കാൻ കഴിയില്ല. തെറ്റുകൾ തിരുത്തേണ്ടതുണ്ട്. നാശത്തിലേക്ക് തള്ളി വിടാതെ അവസാനത്തെ ആളെ പോലും രക്ഷിക്കുക എന്ന ലക്ഷ്യമാണ് നമുക്കുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.
കുട്ടികൾ സമപ്രായക്കാരുമായി കൂട്ടുകൂടുന്നതിന് മാതാപിതാക്കൾ തടസം നിൽക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. നല്ല രീതിയിൽ കൂട്ട് കൂടണം. അക്രമം പ്രോത്സാഹിപ്പിക്കുന്ന റീലുകൾ, സിനിമകൾ, സംഭാഷണങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ലഹരി മാഫിയയ്ക്കെതിരേ മാത്രമല്ല, കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങൾക്കെതിരെയും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മനുഷ്യരൂപം മാത്രമുള്ള ജീവികളായി കുട്ടികൾ മാറുന്നത് ഒഴിവാക്കണം. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒപ്പം കുട്ടികളിലെ സമ്മര്‍ദം കുറക്കാൻ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാൻസ് അടക്കം കായിക വിനോദങ്ങൾക്ക് മാറ്റിവയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമോത്സുകതയും ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കർമപദ്ധതി തയാറാക്കാൻ വിദഗ്ധരുടെയും, വിദ്യാർഥി-യുവജന സംഘടനകളുടെയും, സിനിമ-സാംസ്കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും യോഗമാണ് നടന്നത്.
യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉള്ള സമിതി സമഗ്രമായ കര്‍മപദ്ധതി ഒരുക്കും. ലഹരി രക്ഷാ ബോധവത്കരണ പരിപാടികൾ അതിനുസരിച്ചാകും സര്‍ക്കാര്‍ ചിട്ടപ്പെടുത്തുക.