ടൂറിസ്റ്റ് ബസ് കുടുങ്ങി; താമരശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടത് മണിക്കൂറുകള്‍
Friday, March 28, 2025 2:38 PM IST
കോഴിക്കോട്: താമരശേരി ചുരത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങിയതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ആറാം ഹെയര്‍പിന്‍ വളവില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് ബസ് കുടുങ്ങിയത്. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന സ്വകാര്യ ബസാണ് തകരാറിലായത്.
ഇതിനു പിന്നാലെ അടിവാരം മുതല്‍ ലക്കിടി വരെയാണ് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. തുടർന്ന് പത്തുമണിയോടെ ബസിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് വീതി കൂടിയ അഞ്ചാം വളവ് ഭാഗത്തേക്ക് മാറ്റി.
കാറുള്‍പ്പടെയുള്ള ചെറിയ വാഹനങ്ങള്‍ കടത്തിവിട്ടെങ്കിലും മണിക്കൂറുകളായി കുടുങ്ങിക്കിടന്ന വലിയ വാഹനങ്ങള്‍ 11 ഓടെയാണ് നീങ്ങിത്തുടങ്ങിയത്. രൂക്ഷമായ ഗതാഗതക്കുരുക്ക് ഉച്ചയ്ക്കും തുടര്‍ന്നു.