പശ്ചിമേഷ്യന്‍ ആശങ്കയില്‍ സ്വർണവിപണി; റിക്കാർഡ് തിരുത്തി വീണ്ടും കുതിപ്പ്
Wednesday, March 19, 2025 11:05 AM IST
കൊച്ചി: സംസ്ഥാനത്ത് സകലമാന റിക്കാർഡുകളും മറികടന്ന് സ്വർണക്കുതിപ്പ് തുടരുന്നു. ചൊവ്വാഴ്ച പവന് 66,000 രൂപയെന്ന പുതിയ നാഴികക്കല്ലിലെത്തിയതിനു പിന്നാലെ ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 66,320 രൂപയിലും ഗ്രാമിന് 8,290 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില 6,810 രൂപയിലെത്തി.
ചൊവ്വാഴ്ചയും പവന് 320 രൂപ കൂടിയിരുന്നു. ഈമാസം 14നു കുറിച്ച ഗ്രാമിന് 8,230 രൂപ, പവന് 65,680 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ചൊവ്വാഴ്ച ഭേദിക്കപ്പെട്ടത്. വെള്ളിയാഴ്ച 65,000 രൂപ പിന്നിട്ട ശേഷം ശനിയാഴ്ചയും തിങ്കളാഴ്ചയും പവന് 80 രൂപ വീതം കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടുദിവസം വീണ്ടും കുതിച്ചുയർന്നത്. രണ്ടുദിവസം കൊണ്ട് 640 രൂപയുടെ വര്‍ധനയാണുണ്ടായത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
ഈമാസം ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും പിന്നിടുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില 3,011 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്, ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. ഇസ്രയേലിന്റെ ഗാസ ആക്രണത്തിനു ശേഷം പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂർച്ഛിച്ചതാണ് സ്വര്‍ണവിലയിലെ കുതിപ്പിനു കാരണം.
പുതിയ സംഭവ വികാസങ്ങളോടെ സ്വര്‍ണവില കുറയാനുള്ള കാരണങ്ങള്‍ കാണുന്നില്ല. വില ഉയരാനുള്ള സാധ്യതകള്‍ ഏറെയാണെന്നാണ് വിപണി നല്കുന്ന സൂചന.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 111 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.