ഭാര്യയുടെ മരണവാർത്തയറിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ യുവാവ് വാഹനാപകടത്തിൽ മരിച്ചു
Wednesday, March 19, 2025 4:40 AM IST
ലക്നോ: ഭാര്യയുടെ മരണവാർത്ത കേട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭർത്താവ് വാഹനാപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ മിർഗഞ്ച് പ്രദേശത്താണ് സംഭവം.
തിങ്കളാഴ്ച രാത്രി ദേശീയപാത 24ൽ വച്ച് ഇളയ സഹോദരൻ റിങ്കു (22)നൊപ്പം മോട്ടോർ സൈക്കിളിൽ പോകുന്നതിനിടെയാണ് സഞ്ജയ് (28) എന്നയാൾ അജ്ഞാത വാഹനം ഇടിച്ച് മരിച്ചത്.
സഞ്ജയ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. റിങ്കുവിന് ഗുരുതരമായി പരിക്കേറ്റു. റിങ്കുവിനെ ബറേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബഹ്റൈച്ചിലെ കൈസർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാമുപൂർ രഘുവീർ ഗ്രാമത്തിൽ താമസിക്കുന്ന സഞ്ജയ്, പഞ്ചാബിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യയുടെ മരണവാർത്ത അറിഞ്ഞയുടനെ അദ്ദേഹം ഇളയ സഹോദരനോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആറ് വർഷം മുമ്പാണ് സഞ്ജയ്, പൂജ എന്ന യുവതിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് നാല് വയസുള്ള ഒരു മകളുണ്ട്.
രണ്ടാമത്തെ കുഞ്ഞിന് പൂജ ജന്മം നൽകാനിരിക്കെയാണ് പ്രസവത്തിനിടെ മരണംസംഭവിച്ചത്. പരിഭ്രാന്തനായ സഞ്ജയ് സംഭവമറിഞ്ഞയുടൻ തന്നെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സഞ്ജയുടെയും ഭാര്യയുടെയും അന്ത്യകർമങ്ങൾ ഒരുമിച്ച് നടത്തുമെന്ന് കുടുംബം അറിയിച്ചു. അതേസമയം, മിർഗഞ്ച് പോലീസ് അജ്ഞാത വാഹനത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.