സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; 65,000 രൂപയ്ക്കു തൊട്ടരികെ
Thursday, March 13, 2025 11:56 AM IST
കൊച്ചി: സംസ്ഥാനത്ത് വൻകുതിപ്പുമായി സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡിൽ. ഇന്ന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,120 രൂപയിലും പവന് 64,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 45 രൂപ ഉയർന്ന് 6,680 രൂപയിലെത്തി.
ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,075 രൂപ, പവന് 64,600 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. 65,000 രൂപയെന്ന നാഴികക്കല്ലിലേക്ക് വെറും 40 രൂപയുടെ അകലം മാത്രമാണുള്ളത്.
സംസ്ഥാനത്ത് ഒരുദിവസത്തെ ക്ഷീണത്തിനു ശേഷം ശനിയാഴ്ച സ്വർണവില വീണ്ടും കുതിച്ചുയർന്നിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. തിങ്കളാഴ്ച 80 രൂപയും വർധിച്ച ശേഷം ചൊവ്വാഴ്ച 240 താഴേക്കു പോകുകയായിരുന്നു. ഇതിനു പിന്നാലെ ബുധനാഴ്ചയാണ് സ്വർണവില വീണ്ടും തിരിച്ചുകയറാൻ ആരംഭിച്ചത്. പവന് 360 രൂപയാണ് ബുധനാഴ്ച ഉയർന്നത്.
ചരിത്രവിലയിൽ നിന്ന് താഴേക്കു പോയ സ്വർണവില ഈമാസം മൂന്നിനാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. അന്ന് 120 രൂപയും നാലിന് 560 രൂപയും അഞ്ചിന് 320 രൂപയും ആറിന് 80 രൂപയും ഉയർന്നു. നാലുദിവസം കൊണ്ട് ആയിരത്തിലേറെ രൂപ വർധിച്ച ശേഷം വെള്ളിയാഴ്ച താഴേക്കിറങ്ങിയ സ്വർണവില ശനിയാഴ്ച വീണ്ടും ഉയരുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ബുധനാഴ്ച ഔൺസിന് 2,921 ഡോളറായിരുന്ന രാജ്യാന്തര സ്വർണവില, ഇന്നു 2,945.28 ഡോളർ വരെയെത്തി. ഇന്നുമാത്രം 30 ഡോളറിലധികം രൂപയുടെ വർധനയാണുണ്ടായത്. ഇതാണ് ആഭ്യന്തര വിപണിയിലും വില കുതിച്ചത്. അന്താരാഷ്ട്ര വില 2,950 ഡോളര്‍ മറികടന്നാല്‍ 2,990 ഡോളര്‍ വരെ പോകും എന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.