യുവേഫ ചാന്പ്യൻസ് ലീഗ്: റയൽ മാഡ്രിഡ് ക്വാർട്ടറിൽ
Thursday, March 13, 2025 7:52 AM IST
മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചാണ് റയൽ ക്വാർട്ടറിലെത്തിയത്.
ഇരു പാദങ്ങളിലുമായി രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. ഷൂട്ടൗട്ടിൽ റയൽ നാല് ഗോളുകൾ നേടിയപ്പോൾ അത്ലറ്റിക്കോയ്ക്ക് രണ്ടെണ്ണം മാത്രമാണ് നേടാനായത്.
ബുധനാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ അത്ലറ്റിക്കോ ഒരു ഗോളാണ് നേടിയത്. കോണർ ഗല്ലഗറാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ആദ്യ പാദത്തിൽ റയൽ 2-1 ന് വിജയിച്ചിരുന്നു. നിശ്ചിതസമയത്തും അധികസമയത്തും രണ്ട് ടീമിനും ലീഡ് നേടാൻ സാധിച്ചില്ല. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്.