സ്റ്റാർലിങ്ക് സേവനം ഇന്ത്യയിലേക്ക്; മസ്കുമായി കരാർ ഒപ്പിട്ട് എയർടെൽ
Tuesday, March 11, 2025 9:22 PM IST
ന്യൂഡൽഹി: ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന് എയർടെൽ മാനേജിംഗ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു.
നിയമപരമായി അനുമതി ലഭിച്ച ശേഷം സ്റ്റാർലിങ്ക് പ്രവർത്തനം തുടങ്ങും. ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് വിപ്ലവത്തിന് വഴി തെളിയിക്കുന്ന നീക്കമെന്ന് എയർടെൽ അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇലോൺ മസ്ക്കും ചർച്ച നടത്തി ആഴ്ചകൾക്ക് ശേഷമാണ് നിർണായക ചുവടുവെപ്പ്.
കഴിഞ്ഞ മാസം ഭൂട്ടാനിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം തുടങ്ങിയിരുന്നു. സ്റ്റാര്‍ലിങ്ക് ഇതിനകം 56ലധികം രാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആക്സസ് കവറേജ് നല്‍കുന്നുണ്ട്.