വയനാടിനു വേണ്ടി സംസ്ഥാന സർക്കാർ എന്തുചെയ്തു? കേന്ദ്രത്തിന്റേത് ക്രൂര അവഗണന: വി.ഡി. സതീശൻ
Tuesday, March 11, 2025 1:07 PM IST
തിരുവനന്തപുരം: തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസം വൈകുന്നതിൽ സർക്കാരിനെ സഭയിൽ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ദുരന്തം നടന്ന് എട്ടുമാസമായിട്ടും ദുരിതബാധിതരുടെ ലിസ്റ്റ് തയാറാക്കാനായില്ല. നിലവിലെ പട്ടിക അപൂർണമാണെന്നും പുതിയത് തയാറാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വയനാടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിപക്ഷം സംസ്ഥാന സർക്കാരിന് പൂർണ പിന്തുണ നൽകിയെന്നും സതീശൻ കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ ഊതി വീർപ്പിച്ചില്ല. എന്നാൽ, ദുരന്തബാധിതര്‍ക്കു ജീവനോപാധികളും പൊതുകൃഷിസ്ഥലവും ഒരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ദുരിതബാധിതർക്ക് ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഫീസിന് എന്ത് സഹായമാണ് സംസ്ഥാന സർക്കാർ ചെയ്തത്? ദുരന്തബാധിതര്‍ക്കുള്ള പ്രതിദിന അലവന്‍സ് 300 രൂപ മൂന്നു മാസം കഴിഞ്ഞ് നിര്‍ത്തി. കേന്ദ്രം സഹായിച്ചില്ലെങ്കിൽ പകരം പദ്ധതി സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. മന്ത്രിസഭയ്ക്ക് പ്രത്യേക തീരുമാനമെടുക്കാമായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
വയനാട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമർശനമുന്നയിച്ച സതീശൻ, വയനാടിനോട് കേന്ദ്രം കാട്ടിയതു ക്രൂരമായ അവഗണനയാണെന്നും പറഞ്ഞു. ഔദാര്യമായി വായ്പ തന്നത് തെറ്റാണ്. ഇതിനെതിരെ ഏതറ്റം വരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദുരിതബാധിതരുടെ അന്തിമ പട്ടിക തയാറാക്കാൻ പോലും സർക്കാർ കാലതാമസം വരുത്തുന്നുവെന്നായിരുന്നു സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നല്കിയ ടി. സിദ്ദിഖ് എംഎൽഎയുടെ ആരോപണം. പുനരധിവാസം എങ്ങുമെത്താത്ത സാഹചര്യം സഭ നിർത്തിവച്ച് ചർച്ചചെയ്യണം. ദുരന്തബാധിതരെ മാർക്കറ്റ് വിലയുടെ അടിസ്ഥാനത്തിൽ രണ്ടാക്കി കണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്ന് കുറ്റപ്പെടുത്തി സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.