രഞ്ജി ട്രോഫി; മധ്യപ്രദേശിനെതിരെ കേരളം സമനിലയിൽ
Sunday, January 26, 2025 7:32 PM IST
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ കേരളത്തിന്റെ മത്സരം സമനിലയില്‍. 363 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് നേടി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിലാണ് കേരളം നാലാം ദിനം ബാറ്റിംഗിനെത്തുന്നത്.
130 പന്തിൽ 80 റൺസ് എടുത്ത് തിളങ്ങിയ ആദിത്യ സര്‍വാതെയാണ് കേരളത്തിന്റെ ടോപ് സ്കോറർ. അക്ഷയ് ചന്ദ്രൻ (24), മുഹമ്മദ് അസ്ഹാറുദീൻ (68), ജലാൽ സക്സേന (32) ബാബ അപരാജിത് (26) എന്നിവരുടെ സ്കോറുകളാണ് കേരളത്തെ മികച്ച നിലയിലെത്തിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ലീഡ് നേടിയിരുന്ന കേരളത്തിന് മൂന്ന് പോയിന്റുകളും ലഭിച്ചു.
രോഹൻ കുന്നുമ്മൽ (എട്ട്), ഷോൺ റോജർ( ഒന്ന്), സച്ചിൻ ബേബി (മൂന്ന്), സൽമാൻ നിസാർ (അഞ്ച്), എം.ഡി. നിധീഷ് (നാല്) എന്നിങ്ങനെയാണ് സ്കോർ
ആദ്യ ഇന്നിംഗ്സിൽ മധ്യപ്രദേശ് 160 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 167 റൺസ് ആണ് ആദ്യ ഇന്നിംഗ്സിൽ നേടിയത്. രണ്ടാം ഇന്നിംഗ്സിൽ 369 റൺസ് ആണ് മധ്യപ്രദേശ് എടുത്തത്.