ഹൊബാർട്ടിലും ഇംഗ്ലീഷ് പട കീഴടങ്ങി; വനിതാ ആഷസ് പരമ്പര തൂത്തുവാരി ഓസ്ട്രേലിയ
Friday, January 17, 2025 1:41 PM IST
ഹൊബാർട്ട്: വനിതകളുടെ ആഷസ് ക്രിക്കറ്റ് പരന്പര തൂത്തുവാരി ഓസ്ട്രേലിയ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 86 റൺസിനാണ് ഇംഗ്ലണ്ടിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയർത്തിയ 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 42.2 ഓവറിൽ 222 റൺസിനു പുറത്തായി.
ഹൊബാർട്ട് ബെല്ലെറിവ് ഓവലിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് സെഞ്ചുറി നേടിയ ആഷ്ലെ ഗാർഡ്നറിന്റെയും (102) അർധസെഞ്ചുറി നേടിയ തഹ്ലിയ മക്ഗ്രാത്തിന്റെയും (55) ബേത് മൂണിയുടെയും (50) ഇന്നിംഗ്സുകളാണ് ആതിഥേയർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 38 റൺസെടുത്ത ജോർജിയ വെയർഹാം പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിനു വേണ്ടി ലോറൻ ബെൽ, നാറ്റ് സിവർ-ബ്രന്റ്, ചാർലി ഡീൻ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ലോറൻ ഫിലർ, സോഫി എക്ലസ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി ടാമ്മി ബ്യൂമോണ്ട് (54), നാറ്റ് സിവർ-ബ്രന്റ് (61), ഡാനി വ്യാട്ട് ഹോഡ്ജ് (35), ആമി ജോൺസ് (30) എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നല്കാനായില്ല. അഞ്ചു ബാറ്റർമാർക്ക് രണ്ടക്കം പോലും കാണാനായില്ല.
ഓസീസിനു വേണ്ടി 46 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ അലാന കിംഗ് ആണ് ഇംഗ്ലീഷ് നിരയെ തകർത്തത്. മേഗൻ ഷട്ട് മൂന്നും ജോർജിയ വെയർഹാം രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.