ഗ്രീഷ്മയുടെ അമ്മയെ എന്തിനാ വെറുതെ വിട്ടത്? വിധിക്കു പിന്നാലെ പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍
Friday, January 17, 2025 12:51 PM IST
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് ഷാരോണിന്റെ മാതാപിതാക്കള്‍. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ എന്തിനാണ് വെറുതെ വിട്ടതെന്ന് ഷാരോണിന്റെ അമ്മ ചോദിച്ചു. അതേസമയം, ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജും പ്രതികരിച്ചു.
കോടതി വിധിക്കു പിന്നാലെ പൊട്ടിക്കരഞ്ഞാണ് ഷാരോണിന്റെ മാതാപിതാക്കൾ മാധ്യമങ്ങളുടെ മുന്നിലെത്തിയത്. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേ? പിന്നെ അവരെ എന്തിനാണ് വെറുതെ വിട്ടത്? അമ്മയും കൂടി ചേര്‍ന്നല്ലേ എല്ലാം ചെയ്തത്. ഗ്രീഷ്മയ്ക്കും അമ്മയ്ക്കും അമ്മാവനും ശിക്ഷ നല്‍കണമായിരുന്നെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു.
അതേസമയം, ഹൈക്കോടതിയില്‍ പോകുമോ എന്നകാര്യത്തിൽ ശനിയാഴ്ചത്തെ വിധിക്കു ശേഷം തീരുമാനമെടുക്കുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് പറഞ്ഞു. ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. സിന്ധുവിനെ ശിക്ഷിക്കാത്തതില്‍ വിഷമമുണ്ട്. കേസുമായി മുന്നോട്ട് പോകും. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.