സർവകാല റിക്കാർഡ് ലക്ഷ്യമാക്കി സ്വർണം; 60,000 രൂപയിലേക്ക് കുതിപ്പ്, ഇന്ന് കൂടിയത് 480 രൂപ
Friday, January 17, 2025 11:19 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റിക്കാർഡിലേക്ക് കുതിക്കുന്നു. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 59,600 രൂപയിലും ഗ്രാമിന് 7,450 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,140 രൂപയായി ഉയര്‍ന്നു.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. അതേസമയം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് ഇനിയും 41 രൂപ മാത്രം അകലെയാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.
തുടര്‍ച്ചയായ അഞ്ചുദിവസത്തെ മുന്നേറ്റത്തിന് ശേഷം ചൊവ്വാഴ്ച താഴെവീണ സ്വർണവിലയാണ് ബുധനാഴ്ച മുതൽ തിരിച്ചുകയറിയത്. ബുധനാഴ്ച 80 രൂപയും വ്യാഴാഴ്ച 400 രൂപയും ഉയർന്നിരുന്നു. ഇതോടെ രണ്ടാഴ്ചയ്ക്കിടെ രണ്ടായിരത്തിലേറെ രൂപയാണ് സ്വർണത്തിന് വർധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വര്‍ണവില ദിവസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്. തുടർന്ന് ദിവസങ്ങൾക്കുള്ളിൽ 59,000 രൂപ കടക്കുകയും ചെയ്തു.
ഡിസംബർ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഡിസംബർ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിലയെ സ്വാധീനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്ഡിന് ട്രോയ് ഔണ്‍സിനു 2,715.22 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 99 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.