തിരുപ്പതി ദുരന്തത്തിൽ മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും
Thursday, January 9, 2025 3:06 PM IST
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേട് സ്വദേശിനി നിര്‍മല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി.
അപകടമുണ്ടായശേഷം മരിച്ച ആറുപേരിൽ ഉള്‍പ്പെട്ടിരുന്ന നിര്‍മല കര്‍ണാടക സ്വദേശിനിയാണെന്നായിരുന്നു പോലീസ് ആദ്യം നൽകിയ വിവരം. പിന്നീട് ഈ വിവരം തിരുത്തി നല്‍കുകയായിരുന്നു.
നിർമലയും ബന്ധുക്കളും ഉൾപ്പെടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദർശനത്തിനായി പോയത്. തിരക്കിലും തിരക്കിലും പെട്ട് നിർമല മരിച്ച വിവരം വൈകിയാണ് ബന്ധുക്കൾ അറിഞ്ഞത്.
ബുധനാഴ്ച രാത്രി വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായി താഴെ തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിലാണ് അപകടമുണ്ടായത്. ആയിരകണക്കിന് പേര് കൂപ്പണ്‍ വിതരണ കൗണ്ടറിലെ ക്യൂവിലേക്ക് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിൽ കലാശിച്ചത്. അപകടത്തിൽ ആറു പേരാണ് മരിച്ചത്. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.