സ്മാരകം പ്രണബ് മുഖര്‍ജിയുടെ സംഘപരിവാര്‍ പ്രേമത്തിനുള്ള സമ്മാനം; വിമർശനവുമായി കോൺഗ്രസ് എംപി
Wednesday, January 8, 2025 5:02 PM IST
ന്യൂഡല്‍ഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംഘപരിവാര്‍ പ്രേമത്തിനുള്ള സമ്മാനമാണ് സ്മാരകമെന്ന് കോൺഗ്രസ് എംപി ഡാനിഷ് അലി. പ്രണബ് മുഖര്‍ജി നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് തലകുമ്പിട്ടു. പാര്‍ലമെന്റില്‍ സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുന്നതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ടായിരുന്നുവെന്നും ഡാനിഷ് അലി കുറിച്ചു.
രാജ്ഘട്ടില്‍ മന്മോഹന് സിംഗിന് സ്മൃതിമണ്ഡപം വേണമെന്ന രാജ്യത്തിന്റെ ആവശ്യം നിരസിച്ച കേന്ദ്രസര്‍ക്കാര്‍ പ്രണബ് മുഖര്‍ജിക്ക് സ്മാരകം പണിയാന്‍ സ്ഥലം അനുവദിച്ചു. അത് തരംതാണ രാഷ്ട്രീയവും രാജ്യത്ത് സാമ്പത്തിക വിപ്ലവം സാധ്യമാക്കിയ പ്രധാനമന്ത്രിയോടുള്ള അവഹേളനവുമാണ്.
മരണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാർ മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. രാജ്ഘട്ടിനു സമീപത്തായിട്ടാണ് സ്മാരകം നിർമിക്കുക.
കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി കേന്ദ്രം അറിയിച്ചു. സ്മാരകം നിർമിക്കാൻ തീരുമാനമെടുത്ത മോദി സർക്കാരിന് പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ഠ നന്ദി അറിയിച്ചു.