എൻ.എം. വിജയന്റെ കുടുംബത്തെ സന്ദർശിച്ച് കെപിസിസി സംഘം, പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി
Wednesday, January 8, 2025 2:42 PM IST
കൽപറ്റ: വയനാട്ടിൽ ജീവനൊടുക്കിയ കെപിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ അന്വേഷിക്കാൻ കോൺഗ്രസ് നേതൃത്വം നിയോഗിച്ച കെപിസിസി സമിതി വയനാട്ടിലെത്തി.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ സണ്ണി ജോസഫ്, ടി.എൻ. പ്രതാപൻ, കെ. ജയന്ത് എന്നിവരാണ് നാലംഗ സമിതിയിലുള്ളത്. എൻ.എം. വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച സംഘം എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും കുടുംബത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും ഉറപ്പുനല്‍കി.
അതേസമയം, പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചു. അച്ഛൻ വിശ്വസിച്ച പാർട്ടിക്കൊപ്പമാണ് തങ്ങളെന്നും ബാധ്യത ഉൾപ്പെടെ ഏറ്റെടുക്കുമെന്ന് നേതാക്കൾ വന്നു കണ്ടു ഉറപ്പു നൽകിയെന്നും അവർ വ്യക്തമാക്കി.
അതേസമയം, എന്‍.എം. വിജയന്റെ ആത്മഹത്യയ്ക്ക് കാരണമായ കോഴ വിവാദത്തില്‍ പോലീസ് കേസെടുത്തു. വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ രണ്ട് എഫ്ഐആറുകളാണ് ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്തത്.