തെരുവുനായയെ കണ്ട് ഭയന്നോടി; കിണറ്റിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Tuesday, January 7, 2025 9:50 PM IST
കണ്ണൂർ: തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പതു വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ (9) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ.എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഫസൽ.
ചൊവ്വാഴ്ച വൈകുന്നേരം കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു. വൈകുന്നേരം അഞ്ചിന് നടന്ന സംഭവം വീട്ടുകാർ അറിയുന്നത് ഏഴിനാണ്. തെരുവുനായയെ കണ്ട് ഭയന്ന് ഓടിയ ഫസൽ വീട്ടിലേക്ക് പോയിരിക്കുമെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്.
കൂട്ടുകാർക്കൊപ്പം ആണെന്ന് വീട്ടുകാരും കരുതി. രാത്രിയായിട്ടും കുട്ടിയെ കാണാത്തതിനാൽ അന്വേഷണം നടത്തിയപ്പോഴാണ് നായ ഓടിച്ച കാര്യം മറ്റു കുട്ടികൾ പറയുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ നിന്ന് മുഹമ്മദ് ഫസലിനെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.